മുമ്പൊക്കെ കമ്പ്യൂട്ടര്‍ വൈറസുകള്‍ക്കും ഒരു 'മാന്യത'യുണ്ടായിരുന്നു. കുറഞ്ഞപക്ഷം, എങ്ങനെയൊക്കെ അവ പകരുമെന്ന് പറയാന്‍ പറ്റുമായിരുന്നു. ഇന്നതല്ല സ്ഥിതി. ഗൂഗിള്‍ സെര്‍ച്ചിനെപ്പോലും കബളിപ്പിച്ച് വൈറസുകള്‍ പടരുന്നു എന്നാണ് പുതിയ മുന്നറിയിപ്പ്!
ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഓണ്‍ലൈന്‍ സൈക്യൂരിറ്റി ബ്ലോഗ് വഴി ഉപഭോക്താക്കളെ അറിയിച്ചത്. ഏതാണ്ട് പത്തുലക്ഷം കമ്പ്യൂട്ടറുകളില്‍ ഒരു പ്രത്യേക വൈറസ്ബാധ മൂലം ഗൂഗിള്‍ സെര്‍ച്ച് ഹൈജാക്ക് ചെയ്യപ്പെടുന്നവത്രേ. അത്രയും ഇന്റര്‍നെറ്റ് യൂസര്‍മാര്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ വൈറസ്ബാധയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങുകയാണ് ഗൂഗിള്‍.
ആ വൈറസ് ബാധയുള്ള കമ്പ്യൂട്ടറുപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരെ, വഴിതെറ്റിച്ച് സൈബര്‍ ക്രിമിനലുകളുടെ ഇരയാക്കുകയാണ് വൈറസ് ചെയ്യുക. അത്തരം വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളില്‍ ഇനി മുതല്‍ ഗൂഗിള്‍ സെര്‍ച്ച് വേളയില്‍ മഞ്ഞ നിറത്തിലുള്ള മുന്നറിയിപ്പ് ഗൂഗിള്‍ തന്നെ നല്‍കും. ആ ദുഷ്ടപ്രോഗ്രാം കമ്പ്യൂട്ടറില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഗിള്‍ സഹായവും ചെയ്യും.
സെര്‍ച്ച് ചെയ്യുന്നവരെ വ്യാജ ആന്റിവൈറസ് സോഫ്ട്‌വേറുകളും മറ്റ് ദുഷ്ടപ്രോഗ്രാമുകളുമൊക്കെയുള്ള സൈറ്റുകളിലേക്കാണ് വൈറസ് നയിക്കുക. സംശയം തോന്നാതെ അത്തരം വ്യാജസോഫ്ട്‌വേറുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഉപഭോക്താവ് കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്യുന്നു.
സാധാരണ ഗതിയില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍, അന്വേഷണം നേരിട്ട് ചെല്ലേണ്ടത് ഗൂഗിളിലേക്കാണ്. എന്നാല്‍, വൈറസ് ബാധിത കമ്പ്യൂട്ടറില്‍ നിന്നുള്ള അന്വേഷണം സൈബര്‍ ക്രിമിനലുകളുടെ നിയന്ത്രണത്തിലേക്കുള്ള സെര്‍വറുകളിലേക്കാണ് ആദ്യം പോവുക.
അടുത്തയിടെ ഗൂഗളിന്റെ ഡേറ്റാകേന്ദ്രങ്ങളിലൊന്ന് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടപ്പോഴാണ്, സെര്‍ച്ച് ഹൈജാക്ക് ചെയ്യപ്പെടുന്ന വിവരം എന്‍ജിനിയര്‍മാര്‍ക്ക് മനസിലായത്. ആ ഡേറ്റാകേന്ദ്രം അടച്ചതിനാല്‍, സാധാരണ ഗതിയിലുള്ള ഗൂഗിള്‍ സെര്‍ച്ച് മുഴുവന്‍ ഗൂഗിളിന്റെ മറ്റ് കേന്ദ്രങ്ങളിലേക്ക് തിരിച്ചു വിട്ടിരുന്നു.
എന്നാല്‍, അപ്പോഴും പത്തുലക്ഷത്തിലധികം കമ്പ്യൂട്ടറുകളില്‍ നിന്ന് അടച്ചിട്ട ഡേറ്റാകേന്ദ്രത്തിലേക്ക് അന്വേഷണമെത്തിയതാണ് സംശയം ജനിപ്പിച്ചത്. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തില്‍ ഒരു ദുഷ്ടപ്രോഗ്രാമുമായി (മാള്‍വേര്‍) ബന്ധപ്പെട്ടാണ് സെര്‍ച്ച് ഹൈജാക്ക് ചെയ്യപ്പെടുന്നതെന്ന് ഗൂഗിളിന് മനസിലായി. അതിനെ തുടര്‍ന്നാണ് യൂസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇന്റര്‍നെറ്റ് കമ്പനികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാരംഭിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഗൂഗിളിന്റെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. ഭൂമുഖത്തെ ഏറ്റവും വലിയ പാഴ്‌മെയില്‍ (സ്പാം) ശൃംഖല അടുത്തയിടെ അടച്ചുപൂട്ടിയത് മൈക്രോസോഫ്ട് കൈക്കൊണ്ട നിയമനടപടിയിലൂടെയായിരുന്നു.
കടപാട്: മാത്രഭൂമി
0 comments:
Post a Comment