സൗഹൃദം വൈറസുകള്‍ക്ക് കയറിപ്പറ്റാന്‍ പറ്റിയ വേദിയാണെന്ന് ജി ടോക്കും യാഹുമെസെഞ്ചറും പിന്നീട് ട്വിറ്ററും മറ്റു ചില സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്) സൈറ്റുകളുമൊക്കെ തെളിയിച്ചതാണ്. ഇത്തരം വൈറസ്/മാല്‍വെയര്‍/വേമുകളുടെ കെണിയില്‍ സ്‌കൈപ്പും അകപ്പെട്ടുവെന്നാണ് കംപ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ബികിസ് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് (bkis.com) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തേ ജി ടോക്ക് കേന്ദ്രീകരിച്ചു പ്രചരിച്ച വൈറസിന്റെ മാരകമായ പുതിയ പതിപ്പാണ് സ്‌കൈപ്പും യാഹുവും വഴി ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.
സുഹൃത്തുക്കളുടെ പേരില്‍ വരുന്ന ശൃംഗാര സംഭാഷണങ്ങള്‍ വഴിയാണ് പുതിയ വേമുകളും പടര്‍ന്നു പിടിക്കുന്നത്. ''എന്റെ ഹെയര്‍സ്റ്റൈല്‍ എങ്ങനെയുണ്ട്, കൊള്ളാമോ ? അതോ ചീത്തയോ ? എന്നു തുടങ്ങുന്ന സംഭാഷണം പിന്നാലെ ജെ പി ജി ഫോര്‍മാറ്റിലുള്ള ചിത്രമാണെന്ന് തോന്നുന്ന ഒരു ലിങ്കും എറിഞ്ഞുതരും. ക്ലിക്കു ചെയ്താല്‍ റാപ്പിഡ്‌ഷെയര്‍ വെബ് ഹോസ്റ്റിംഗ് സര്‍വീസിലേതുപോലെയുള്ള ഒരു വെബ് പേജ് തുറന്നുവരും.
പിന്നാലെ ഒരു സിപ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള വിന്‍ഡോയും. ഈ സിപ് ഫയലില്‍ അടങ്ങിയിരിക്കുന്നത് ഡോട്ട്. കോം(.com) എക്‌സ്റ്റണ്‍ഷനുള്ള ഒരു ഇഎക്‌സ് ഇ ഫയലാണ്. ഇത് തുറക്കുന്നതോടെ W32.Skyhoo.Worm എന്ന മാല്‍വെയര്‍ കംപ്യൂട്ടറില്‍ പ്രവേശിക്കും.
ഈ മാല്‍വെയര്‍ നമ്മുടെ സ്‌കൈപ്പിന്റേയോ യാഹു മെസഞ്ചറിലേയോ കോണ്‍ടാക്ട് അഡ്രസ്സുകള്‍ തിരഞ്ഞുപിടിച്ച് നമ്മളാണെന്ന വ്യാജേന മുകളില്‍ പറഞ്ഞ ശൃംഗാരസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കും. ഇങ്ങനെ കൂട്ടുകാരുടെ കംപ്യൂട്ടറിലും ഈ മാല്‍വെയര്‍ കയറിപ്പറ്റും. അപാരമായ സോഷ്യല്‍ എന്‍ജിനീയറിംഗ് തന്ത്രങ്ങള്‍ ഒളിപ്പിച്ചുവെച്ച ഈ മാല്‍വെയറിന്റെ പ്രവര്‍ത്തനം ഈ മെസേജുകളില്‍ മാത്രം ഒതുങ്ങുന്നില്ല.
സ്‌കൈപ്പോ യാഹുവോ ഇല്ലാത്ത കംപ്യൂട്ടറുകളില്‍ ഒളിഞ്ഞിരിക്കുന്ന ഇത് വേര്‍ഡ്, എക്‌സല്‍, ഇമെയില്‍ എന്നിവ നമ്മള്‍ കംപോസ് ചെയ്യുമ്പോള്‍ അതില്‍ കുഴപ്പാക്കാരായ ലിങ്കുകള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കും. ഇന്റര്‍നെറ്റുവഴി ഹാക്കര്‍മാരാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും ബികിസ് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്.
കംപ്യൂട്ടറിലെ ആന്റിവൈറസിനെ ബ്ലോക്കുചെയ്ത ശേഷം പ്രവര്‍ത്തനം തുടങ്ങുന്ന ഈ മാല്‍വെയര്‍ 700 ഓളം ആന്റിവൈറസ് /സെക്യൂരിറ്റി വെബ്‌സൈറ്റുകളെ ബ്ലോക്കുചെയ്തുകളയും. ഓട്ടോറണ്‍ ഐ എന്‍ എഫ് (autorun.inf) എന്ന ഫയലിനൊപ്പം യുഎസ്ബി ഡ്രൈവുകള്‍ വഴി പടരുകയും ചെയ്യും.
ഇന്റര്‍നെറ്റ് വഴി സംസാരിക്കാനും ചാറ്റ് ചെയ്യാനും വ്യാപകമായി ഉപയോഗിക്കുന്ന സ്‌കൈപ്പ് വൈറസ് രഹിതമാണെന്ന സല്‌പേരിന് ഇതോടെ കോട്ടം തട്ടിയിരിക്കുകയാണ്.
0 comments:
Post a Comment