ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് വഴി അയയ്ക്കപ്പെടുന്ന പാഴ്‌മെയിലുകളുടെ (സ്പാം) സംഖ്യ ഏതാനും മാസത്തിനിടെ കാര്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്ത് മുതലാണ് കുറവ് പ്രകടമായത്. ഈ ക്രിസ്തുമസ് കാലത്ത് കാര്യമായ കുറവുണ്ടായി. പുതിയ സ്പാം ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയാണ് ഈ കുറവെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ആഗസ്തില്‍ ദിവസവും 20000 കോടി പാഴ്‌മെയിലുകളാണ് ലോകമെങ്ങും എത്തിയിരുന്നതെങ്കില്‍, കഴിഞ്ഞ ഡിസംബറില്‍ അത് നാലിലൊന്നായി കുറഞ്ഞ് 5000 കോടി ആയെന്ന്, ഇന്റര്‍നെറ്റ് സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന സിമാന്റെക് ഹോസ്റ്റഡ് സൊലൂഷന്‍സ് അറിയിച്ചു.
ക്രിസ്തുമസ്, പുതുവര്‍ഷം തുടങ്ങിയ വിശേഷാവസരങ്ങളില്‍ നെറ്റ് യൂസര്‍മാര്‍ പാഴ്‌മെയിലുകളെക്കൊണ്ട് പൊറുതിമുട്ടാറുണ്ട്. ഇത്തവണ നേരെ തിരിച്ചായിരുന്നു കാര്യങ്ങള്‍. എന്തുകൊണ്ടാണ് ഈ കുറവ് വന്നതെന്ന് വ്യക്തമല്ല. ഈ കുറവ് അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
'ബോട്ട്‌നെറ്റുകള്‍' (botnets) എന്നറിയപ്പെടുന്ന വൈറസ് ബാധിത കമ്പ്യൂട്ടര്‍ ശൃംഗലകളാണ്, ലോകമാകെ വ്യാപിക്കുന്ന പാഴ്‌മെയിലുകളില്‍ സിംഹഭാഗവും പടച്ചുവിടുന്നത്. ബോട്ട്‌നെറ്റുകളില്‍ അഗ്രഗണ്യന്‍ എന്ന് പറയാവുന്ന 'റുസ്റ്റോക്ക്' (Rustock) ആണ് പാഴ്‌മെയിലുകളില്‍ 48 ശതമാനത്തോളം സൃഷ്ടിച്ചിരുന്നത്. എന്നാല്‍, ഡിസംബറില്‍ ഈ ബോട്ട്‌നെറ്റിന്റെ പാഴ്‌മെയില്‍ വിഹിതം 0.5 ശതമാനമായി താണു-സിമാന്റെക് സൊലൂഷന്‍സിലെ പോള്‍ വുഡ് ചൂണ്ടിക്കാട്ടി.
റുസ്റ്റോക്ക് മാത്രമല്ല, വേറെ രണ്ട് പ്രമുഖ ബോട്ട്‌നെറ്റ് ശൃംഗലകളായ ലിഥിക് (Lethic), ക്‌സാര്‍വെസ്റ്റെര്‍ (Xarvester) എന്നിവയും ഡിസംബര്‍ കാലയളവില്‍ നിശബ്ദമായി. സാധാരണഗതിയില്‍ ബോട്ട്‌നെറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമ്പോള്‍ മാത്രമാണ് പാഴ്‌മെയില്‍ വരവ് കുറയാറ്. എന്നാല്‍ റുസ്റ്റോക്ക് ഇപ്പോഴും പ്രവര്‍ത്തനസജ്ജമാണ്. എന്നിട്ടും പാഴ്‌മെയിലുകള്‍ എന്തുകൊണ്ട് കുറഞ്ഞു എന്നത് വിദഗ്ധരെ കുഴയ്ക്കുകയാണ്.
കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയല്ലേ ഇപ്പോഴത്തേതെന്ന് സംശയമുണ്ട്. പാഴ്‌മെയിലയയ്ക്കുന്ന കുബുദ്ധികള്‍ പുനര്‍സംഘടിച്ചുകൊണ്ടിരിക്കുകയല്ലേ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. അങ്ങനെയങ്കില്‍, ഇപ്പോഴത്തെ കുറവ് നോക്കേണ്ട, പാഴ്‌മെയിലുകളുടെ വന്‍ ആക്രമണം തുടങ്ങാന്‍ പോവുകയാണ്.
കുതന്ത്രങ്ങള്‍ വഴിയുണ്ടാക്കുന്ന വന്‍ ലാഭത്തിന് പുറത്താണ് പാഴ്‌മെയില്‍ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. ഉദ്ദേശിക്കുന്നത് പോലെ വരുമാനം ലഭിക്കുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ നിര്‍ത്തിവെയ്ക്കാനാണ് സാധ്യത. കൂടുതല്‍ ലാഭം കിട്ടാനായി പുനസംഘടിക്കും. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതല്ലെ എന്ന് സംശയിക്കുന്നതായി വെബ്ബ് സുരക്ഷാ കമ്പനിയായ വെബ്‌സെന്‍സിലെ കാള്‍ ലിയോനാര്‍ഡ് പറയുന്നു.
പാഴ്‌മെയില്‍ ഗ്രൂപ്പുകളുടെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാക്കിയതില്‍ അടുത്തയിടെ നടന്ന സ്പാം വിരുദ്ധ ക്യാമ്പയിന്‍ വലിയ പങ്ക് വഹിച്ചിരുന്നു. അതിനെ തുടര്‍ന്ന് 2010 സപ്തംബറില്‍ സ്പാമിറ്റ് (Spamit) എന്ന ഗ്രൂപ്പ് തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. അതും ഇപ്പോഴത്തെ പാഴ്‌മെയില്‍ കുറവില്‍ പങ്കുവഹിച്ച ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇമെയിലുകള്‍ വഴി പാഴ്‌മെയിലുകള്‍ അയയ്ക്കുന്നത് ബുദ്ധിമുട്ടാകുന്നതോടെ, സൗഹൃദക്കൂട്ടായ്മാ സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലേക്ക് കുബുദ്ധികള്‍ ശ്രദ്ധ തിരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തയിടെ ട്വിറ്ററിലുണ്ടായ പാഴ്‌മെയിലാക്രമണം ഇത്തരത്തിലുള്ള ഒന്നായിരുന്നു.
കടപ്പാട് : മാത്രഭൂമി
0 comments:
Post a Comment